വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകൻ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കണ്ണൂർ കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകനാണ് സുധി. മാനേജ്മെന്റിനും ചില അധ്യാപകർക്കും സുധിയോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. വ്യാജ പരാതി നൽകിയതിന് രക്ഷിതാവിനെതിരെയും ഹെഡ്‌മാസ്റ്റർ സുധാകരൻ, അധ്യാപകൻ സജി,പിടിഎ പ്രസിഡന്റ് രഞ്ജിത് എന്നിവർക്കെതിരെയും പൊലീസ് സ്വമേധയാ കേസെടുത്തു.
2022 ഒക്ടോബറിൽ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരെ നടപടിയെടുക്കുന്നത്. തുടക്കത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് രക്ഷിതാവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് പൊലീസ് വീണ്ടും അന്വേഷിച്ചു. ഒരു വർഷവും രണ്ട് മാസവുമായി പി.ജി.സുധി സസ്പെൻഷനിലായിരുന്നു. അന്വേഷണത്തിനൊടുവിൽ കളളപ്പരാതിയെന്ന് എടക്കാട് പൊലീസ് കണ്ടെത്തി. സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിധിച്ചു.