ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമാണ് ഫയൽ അയക്കാൻ സാധിക്കുക. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്.
ഫോൺ ഷേക്ക് ചെയ്ത് റിക്വസ്റ്റ് അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ തെളിയും. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം, വർഷങ്ങളായി ലഭ്യമാണ്. എന്നാൽ അത്യാധുനിക സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകൾ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണ്. വാട്ട്സാപ്പിന്റെ ഐഒഎസ് ഫീച്ചറിൽ തന്നെ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.