യുവേഫയുടെ ബാലൻ ദി ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെടുന്നതായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ ആഗോള ഫുട്ബോൾ പുരസ്കാരങ്ങളിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും റൊണാൾഡോ പറഞ്ഞു. പോർച്ചുഗീസ് കായികമാധ്യമമായ റെക്കോഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിയാണ് നേടിയത്. നോർവേയുടെ എർലിങ് ഹാളണ്ട് രണ്ടാമതും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ മൂന്നാമതുമെത്തി. പരിഗണപ്പട്ടികയിൽ ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നില്ല.
‘ബാലൻ ദി ഓറിനും ദ ബെസ്റ്റിനും വിശ്വാസ്യത നഷ്ടപ്പെടുകയാണ്. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ പുരസ്കാരം അർഹിച്ചിരുന്നില്ല എന്നൊന്നും പറയാൻ ഞാനില്ല. ഞാനീ പുരസ്കാരങ്ങളിൽ വിശ്വസിക്കുന്നില്ല. ഞാൻ ഗ്ലോബൽ സോക്കർ പുരസ്കാരം വിജയിച്ചതു കൊണ്ട് പറയുന്നതല്ല. എന്നാൽ ഇവിടെ വസ്തുതകളുണ്ട്. അക്കങ്ങളുണ്ട്. അവ ചതി ചെയ്യില്ല. അവർക്ക് ഈ ട്രോഫി എന്നിൽ നിന്ന് കൊണ്ടു പോകാൻ കഴിയില്ല. കാരണം ഇവിടെ കണക്കുകളുടെ യാഥാർത്ഥ്യമുണ്ട്. അതെന്നെ കൂടുതൽ സന്തോഷവാനാക്കുന്നു.’ – ക്രിസ്റ്റ്യാനോ പറഞ്ഞു.