അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദില്ലി എയിംസിൽ(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ) പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ജനുവരി 22ന് ഉച്ചക്ക് 2.30 വരെ ഒ.പി വിഭാഗമടക്കം അടച്ചിടാനുള്ള വിവാദ തീരുമാനമാണ് പിൻവലിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണിത്. രോഗികൾക്ക് അടിയന്തര ആശ്വാസമെത്തിക്കുന്ന ക്രിട്ടിക്കൽ കെയർ ക്ലിനിക്കുകളെല്ലാം സാധാരണ പോലെ പ്രവർത്തിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നേരത്തേ പുറത്തിറക്കിയ കുറിപ്പിൽ ഒ.പി വിഭാഗങ്ങളുടെ സേവനം തടസ്സപ്പെടുമെന്ന് പ്രത്യേകം അറിയിച്ചിരുന്നില്ല. എന്നാൽ സേവനം തടസ്സപ്പെടുമെന്ന് പരക്കെ ആശങ്കയുയരുകയായിരുന്നു.
ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ സേവനം ലഭിക്കാൻ രോഗികൾ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും കാത്തിരിക്കേണ്ടി വരുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഡൽഹിക്ക് പുറത്തുനിന്നും വരുന്നവർക്ക് കനത്ത തിരിച്ചടിയാകും തീരുമാനമെന്നും വിമർശനമുയർന്നു. തുടർന്ന് പ്രധാന ഹെൽത്ത് കെയർ ഫെസിലിറ്റി നോൺ-ക്രിട്ടിക്കൽ സർവീസുകളിലെ ജീവനക്കാർക്ക് അർധ ദിവസത്തെ ഇടവേള പ്രഖ്യാപിച്ചത് എയിംസ് പിൻവലിക്കുകയായിരുന്നു. പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിലെ അവധിയിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നെങ്കിലും, രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.