മത്തങ്ങ നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാൽ മത്തങ്ങ മാത്രമല്ല അതിന്റെ വിത്തുകളും ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. വൈറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയണ്‍ തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഉറക്കത്തിനു സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം വർധിക്കാൻ ഇവ സഹായിക്കുന്നു. വൈറ്റമിൻ സി, സിങ്ക് എന്നിവ ധാരാളമായി മത്തങ്ങ വിത്തുകളിൽ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങളാണ്. രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സിങ്കും മഗ്നീഷ്യവുമൊക്കെ അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതു തന്നെ. ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മത്തൻ കുരു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ശരീരത്തിൽ മതിയായ അളവിൽ പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റികള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും മികച്ചതു തന്നെ.
മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും കൂടി ഇതു സഹായിക്കും.