ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിൻറെയും ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിൻറെയും പേട്ട തുള്ളൽ നടന്നു. എരുമേലി കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച വാവര് പള്ളിയിലും കയറി വലിയമ്പലത്തിലേക്കാണ് പേട്ടതുള്ളി പോകുന്നത്. നിരവധി ഭക്തരാണ് പേട്ടതുള്ളൽ കാണുവാനായി എരുമേലിയിൽ എത്തിയത്.
മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയാണ് എരുമേലി പേട്ട തുള്ളൽ. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. ഏഴു കരകളിൽ നിന്നായി 300 -ഓളം പേരാണ് പേട്ട തുള്ളിയത്. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ തുടങ്ങി. ഉച്ചയ്ക്കുശേഷം മാനത്ത് തെളിയുന്ന നക്ഷത്രം സാക്ഷിയാക്കിയായിരിക്കും ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. യോഗം പെരിയോൻ അമ്പാടത്ത് എ.കെ വിജയകുമാർ ആലങ്ങാട്ട് സംഘത്തെ നയിക്കും. ചിന്തുപാട്ടും കാവടിയാട്ടവും ആലങ്ങാട്ട് സംഘത്തോടൊപ്പം ഉണ്ട്.