നിശബ്ദ ഹൃദയാഘാത (Silent attack) ത്തിന്റേതായി ചില ലക്ഷണങ്ങൾ ഉണ്ടാകും. നെഞ്ചിൽ അസ്വസ്ഥതയും ചെറിയ ഭാരവും ഉണ്ടാകുന്നത് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമാണ്. സാധാരണ ഹൃദയാഘാതമാണെങ്കില്‍ നല്ല നെഞ്ചുവേദനയുണ്ടാകും. സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക് മൂലം നെഞ്ചിൽ നേരിയ അസ്വസ്ഥതയോ സമ്മർദ്ദമോ മാത്രമേ അനുഭവപ്പെടുകയുള്ളു.
പെട്ടന്നുണ്ടാകുന്ന ശ്വാസം മുട്ടൽ മറ്റൊരു ലക്ഷണമാകാം. ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന ശ്വാസം മുട്ടലും ഇതിന്റെ സൂചനയായേക്കാം. കൂടാതെ ഓക്കാനം, ചര്‍ദ്ദി, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും ചിലരില്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളായിട്ടു കണ്ടു വരാറുണ്ട്. ശരിയായ കാരണമില്ലാതെ വിയർക്കുന്നത്, പ്രത്യേകിച്ച് രാത്രി ഉറക്കത്തിൽ വിയർത്ത് എഴുന്നേൽക്കുന്നത് നിശബ്ദ ഹൃദയാഘാതത്തിന്റെ സൂചനയായി കാണാം.
അമിതമായ ക്ഷീണമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ മറ്റൊരു ലക്ഷണം. മറ്റു പല രോഗങ്ങളുടെയും ലക്ഷണമായി അമിതക്ഷീണം ഉണ്ടാകാറുണ്ട്. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ ക്ഷീണം ശ്രദ്ധിക്കാതിരിക്കരുത്.
താടിയെല്ല്, കഴുത്ത്, കൈകൾ, പുറം, വയറുൾപ്പെടെയുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതും നിസാരമായി കാണരുത്. കൈകൾ, തോളുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് പൊതുവായ ബലഹീനതയോ വേദനയോ അനുഭവപ്പെടുന്നതും ചിലപ്പോള്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ ആകാം.
തലകറക്കവും ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകാം. ഉത്കണ്ഠയും സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.