ഓർമയിലെ ഇന്ന് – ജനുവരി 12;സ്വാമി വിവേകാനന്ദൻ

At Malayalam
2 Min Read

ഭാരതത്തിന്റെ ആത്മീയാചാര്യന്‍, നവോത്ഥാനത്തിന്റെ നെടുനായകന്‍, വിശ്വമാനവികതയുടെ സന്ദേശം ലോകത്തിനു വിഭാവനം ചെയ്ത ആള്‍രൂപം, ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു- വിശേഷണങ്ങള്‍ ഒരുപാടുണ്ട് സ്വാമിവിവേകാന്ദനനെ കുറിച്ച് പറയാൻ…

ഭാരതീയ യുവത്വത്തിന് ചിന്താശേഷിയും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പകര്‍ന്ന പ്രതിഭാശാലിയെ രാജ്യമിന്ന് ആദരവോടെ സ്മരിക്കുന്നു. യുവാക്കളുടെ പ്രതിനിധിയായി ചൂണ്ടിക്കാട്ടാന്‍ ഇതിലും മികച്ച മറ്റൊരു മാതൃകയില്ല. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിച്ചു പോരുന്നു.

- Advertisement -

1863 ജനുവരി 12 ന് കൊല്‍ക്കത്തയിലായിരുന്നു സ്വാമി വിവേകാനന്ദന്റെ ജനനം. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ‘നരേന്ദ്രനാഥ് ദത്തന്‍’ എന്നാണ്. മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ ഏഴാം വയസ്സില്‍ ചേര്‍ന്ന് പഠനം തുടങ്ങി. അതിനുശേഷം 1879-ല്‍ ഹൈസ്‌കൂള്‍ പഠനം ഒന്നാം ക്ലാസോടെ പാസായി. തുടര്‍ന്ന് പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്ന് പഠിച്ചു. അസാധാരണമായ ബുദ്ധിശക്തിയും അന്വേഷണത്വരയും വിദ്യാര്‍ത്ഥിയായിരിക്കെ നരേന്ദ്രന്‍ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം വളരെയധികം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ജനറല്‍ അസംബ്ലീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പാശ്ചാത്യ തത്വശാസ്ത്രം, ലോകചരിത്രം എന്നിവ പഠിച്ചു.

ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ത്തിരുന്ന പ്രസ്ഥാനമായിരുന്നു ബ്രഹ്‌മസമാജം. ഈ സംഘടനയുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായ നരേന്ദ്രന്‍ ചെറുപ്പത്തില്‍ ബ്രഹ്‌മസമാജം പ്രവര്‍ത്തകനായി. തന്റെ സുഹൃത്തായ നരേന്ദ്രനാഥ് മിത്രയുടെ വീട്ടില്‍ ശ്രീരാമകൃഷ്ണ പരമഹംസനെ 1881-ല്‍ നരേന്ദ്രന്‍ പരിചയപ്പെട്ടു. പരമഹംസനില്‍ ആകൃഷ്ടനായ അദ്ദേഹം ദക്ഷിണേശ്വരത്ത് ചെന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. അത് നരേന്ദ്രന്റെ ജീവിതത്തെ മാറ്റിമറിച്ചു. നരേന്ദ്രന്‍ പരമഹംസരുടെ പ്രിയശിഷ്യനായി. ഇതില്‍ നിന്ന് ജീവിതത്തിന് പുതിയ അര്‍ത്ഥവും, കരുത്തും, ആത്മീയ ചൈതന്യവും കൈവന്ന അദ്ദേഹം ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ 1886-ല്‍ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചു. അന്ധവിശ്വാസങ്ങള്‍, ജാതി, അയിത്തം തുടങ്ങിയവയെ എതിര്‍ത്തിരുന്നു.

കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ തരംതിരുവുകളും, തീണ്ടലും, തൊടീലും മറ്റ് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും കണ്ടിട്ട് ‘കേരളം ഭ്രാന്താലയമാണ്’ എന്നദ്ദേഹം പറഞ്ഞു. 1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെയും അതിന്റെ സംസ്‌കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും അവതരിപ്പിച്ചു. 1894-ല്‍ ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1902 ജൂലൈ നാലാം തീയതി അദ്ദേഹം അന്തരിച്ചു. ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സു പോലും തികക്കാതെ, ആ മനുഷ്യസ്നേഹി കടന്നുപോയി.

1984 ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സമൂഹത്തിന്റെ ഊര്‍ജ്ജമായ യുവാക്കളുടെ ദിനമാണ് ഇന്ന്. ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ജീവാത്മാവാണ് യുവാക്കളെന്ന് പറയാം. രാജ്യത്തിന്റെ ഭരണ തലങ്ങളിലും രാഷ്ടീയ വികസന പ്രവര്‍ത്തനങ്ങളിലും യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ ദിനാചരണത്തിനു പിന്നില്‍.

Share This Article
Leave a comment