അധ്യാപകനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി ഹരിയാനയിലെ 500 കോളേജ് വിദ്യാര്‍ഥിനികള്‍ രംഗത്ത്. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടറിനും കത്തയച്ചത്. അധ്യാപകനെ സസ്‌പെന്റുചെയ്യണമെന്നും വിമരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. ഹരിയാന ഗവര്‍ണര്‍ ബണ്‍ഡാരു ദത്തത്രെയ, വൈസ് ചാന്‍സിലര്‍ ഡോ.അജ്മര്‍ സിങ് മാലിക്ക്, ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
പ്രൊഫസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ശുചിമുറിയിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. പ്രതികരിച്ചപ്പോള്‍ വളരെ മോശം അനുഭവം നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മാസങ്ങളായി ഇത് തുടരുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. വൈസ് ചാന്‍സിലറോട് പരാതിപ്പെട്ടപ്പോള്‍ കോളേജില്‍നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആരോപണവിധേയനായ അധ്യാപകന്‍ വലിയ രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്ന് പറഞ്ഞ വിസി, തങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് ആരോപണങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ ആരോപിച്ചു.
പേര് വെളിപ്പെടുത്താത്ത ഒരുകത്ത് കിട്ടിയതായി യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. രാജേഷ് കുമാര്‍ ബന്‍സല്‍ സ്ഥിരീകരിച്ചു. ഗുരുതരമായ വിഷയമാണിതെന്നും പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു. അന്വേഷണത്തിനുശേഷമേ നടപടിയുണ്ടാകൂവെന്നും ആരോപണവിധേയനായ അധ്യാപകന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഓഫീസിലെ ദൃശ്യങ്ങള്‍ അധ്യാപകന്‍ ഡിലീറ്റ് ചെയ്തതായി വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നുണ്ട്. കുടുംബത്തോടുള്ള അനാദരവ് ഭയന്നാണ് തങ്ങളുടെ വ്യക്തിവിവരങ്ങള്‍ പരാതിയില്‍ വെളിപ്പെടുത്താത്തതെന്നും പൊതുജനങ്ങള്‍ പ്രതിഷേധിച്ചാലേ അധ്യാപകനെതിരെ നടപടിയെടുക്കൂവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ചില വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയതായും സിര്‍സയിലെ മുതിര്‍ന്ന പോലീസ് പോലീസ് ഉദ്യോഗസ്ഥ ദീപ്തി ഗാര്‍ഗ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. ആരോപണവിധേയനായ അധ്യാപകന്റെയും മൊഴി രേഖപ്പെടുത്തിയെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഹരിയാണയിലെ ജിന്ദ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രിന്‍സിപ്പലിനെ സര്‍വ്വീസില്‍നിന്ന് കഴിഞ്ഞമാസം പുറത്താക്കിയിരുന്നു.