എന്റെ പൊന്നേ , ഇതെങ്ങോട്ടാ…

At Malayalam
2 Min Read

സ്വര്‍ണവില തുടര്‍ച്ചയായി താഴേയ്ക്കു തന്നെ. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഇപ്പോൾ ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47,000 രൂപയായിരുന്നു. ഡിസംബറില്‍ 47,120 രൂപ വരെ പവന് വർധിച്ചിരുന്നു. ഈ മാസം വില കുത്തനെ വര്‍ധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു എങ്കിലും മറിച്ചാണ് സംഭവിക്കുന്നതെന്നു മാത്രം.

- Advertisement -

ജനുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചത് സ്വര്‍ണവില കുറയാനുള്ള ഒരു കാരണമാണ്. മാത്രമല്ല, ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുമില്ല. എണ്ണവിലയില്‍ കുറവ് വന്നത് ആശ്വാസമാണ്. സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന സമയത്തു തന്നെ വാങ്ങുന്നതാണ് നല്ലത്. ഏത് സമയവും വില തിരിച്ചുകയറിക്കൂടെന്നില്ല.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46,240 രൂപയാണ്. ശനിയാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 160 രൂപ കുറഞ്ഞു. ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപയുടെ കുറവുണ്ട്. ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,780 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ അര ലക്ഷം രൂപ മുടക്കേണ്ടി വന്നേക്കാം.

ഡോളര്‍ സൂചിക കഴിഞ്ഞ കുറേ ദിവസങ്ങളായി 102ന് മുകളിലാണ്. ഇന്നത്തെ സൂചിക 102.51ല്‍ നില്‍ക്കുന്നു. ഡോളര്‍ മൂല്യം ഇടിയാത്തത് സ്വര്‍ണവില കുറയാന്‍ കാരണമാകും. അതേസമയം, ഇന്ത്യന്‍ രൂപ ഇന്ന് കരുത്ത് കാട്ടിയിട്ടുണ്ട്. ഡോളറിനെതിരെ 83.10 എന്ന നിരക്കിലാണ് വ്യാപാരം. ഡോളറും രൂപയും കരുത്ത് വര്‍ധിപ്പിച്ചത് സ്വര്‍ണവില ഇടിയാന്‍ സഹായിക്കും.

ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.93 ഡോളറിനാണ് വ്യാപാരം. ഇത് വിപണിക്ക് ആശ്വാസം നല്‍കുന്നതാണ്. വിപണിയില്‍ ആശങ്ക ഉടലെടുക്കുമ്പോഴാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുക. അതേസമയം, സ്വര്‍ണം വില കുറയുന്ന സാഹചര്യത്തില്‍ വേഗത്തില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആകാം. വിവിധ ജ്വല്ലറികള്‍ വ്യത്യസ്തമായ സ്‌കീമുകള്‍ ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്.

46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് എങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടും. ഇതോടെ 4,000ത്തോളം രൂപ അധികമായി നല്‍കേണ്ടിയും വരും. ഒരു പവന്‍ ആഭരണത്തിന് അര ലക്ഷം രൂപ വേണ്ടി വരുമെന്ന് പറയാന്‍ കാരണമിതാണ്. പണിക്കൂലിയില്‍ വിലപേശല്‍ നടത്തി കുറയ്ക്കാന്‍ ഉപഭോക്താവിന് സാധിക്കുമെങ്കിൽ നല്ലത്.

Share This Article
Leave a comment