തന്റെ പക്കൽ നിന്നും 15 കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച്, മുൻ ബിസിനസ് പങ്കാളികൾക്കെതിരെ ക്രിമിനൽ പരാതി നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. 2017ലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ആർക്ക സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചി കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. താരത്തിന്റെ പേരിൽ ഇന്ത്യയിലും വിദേശത്തും ക്രിക്കറ്റ് അക്കാദമികൾ തുറക്കാൻ 2017ൽ ദിവാകർ ധോണിയുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
കരാറിൽ പറഞ്ഞിരിക്കുന്ന അനുപാതത്തിൽ ഫ്രാഞ്ചൈസി ഫീസ് നൽകാനും ലാഭം പങ്കിടാനും ആർക്ക സ്പോർട്സ് ബാധ്യസ്ഥനായിരുന്നു, എന്നാൽ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. 2021 ഓഗസ്റ്റ് 15-ന് അർക്ക സ്‌പോർട്‌സിൽ നിന്നുള്ള പങ്കാളിത്തം ധോണി പിൻവലിക്കുകയും നിരവധി വക്കീൽ നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിൽ കൂട്ടിച്ചേർത്തു. 15 കോടിയിലധികം രൂപ നഷ്ടമുണ്ടാക്കിയെന്നും ധോണി ഉന്നയിക്കുന്നു.