നമ്മുടെ നാട്ടിൽ സാധാരണ ലഭിയ്ക്കാറുള്ള ഒരു പഴ വർഗ്ഗമാണ് പേരയ്ക്ക. മിക്കവർക്കും ഇത് ഇഷ്ടവുമാണ്. നിരത്തു വക്കുകളിൽ പല വലിപ്പത്തിലും നിറങ്ങളിലുമുള്ള പേരയ്ക്ക വിൽക്കാൻ വച്ചിരിക്കുന്നതും കാണാം. നമ്മുടെ ദഹനപ്രക്രിയയെ ഏറെ സഹായിക്കുന്ന ഒന്നാണ് പേരയ്ക്ക, മാത്രമല്ല പലവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിവുള്ള ചില പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുമുണ്ട്. മുറിയ്ക്കുമ്പോൾ ഉള്ളിൽ വെള്ള നിറത്തിലുള്ള പേരയ്ക്കയുണ്ട്, പിങ്ക് നിറത്തിലുള്ള പേരയ്ക്കയുമുണ്ട്. ഇതിൽ ഏത് നിറത്തിലുള്ള പേരയ്ക്കയാണ് നല്ലത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ആന്റി മൈക്രോബയൽ, ആന്റിഫംഗൽ, വൈറ്റമിൻ സി, കെ, ബി6, ഫോളേറ്റ്, നിയാസിൻ,ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പർ, കാർബോ ഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ തുടങ്ങിയ പോഷകങ്ങൾ പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പേരയ്ക്ക മലബന്ധത്തിന് ഒരളവുവരെ പരിഹാരമാണ്. ഡയറ്ററി ഫൈബർ ആയതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും. ഇത്തരം സാഹചര്യങ്ങളിൽ പ്രമേഹ രോഗികൾ നിർബന്ധമായും പേരയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്.
പിങ്ക് പേരയ്ക്കയിൽ ഉയർന്ന ജലാംശമുണ്ട്. പഞ്ചസാരയും അന്നജവും കുറവാണുതാനും. വൈറ്റമിൻ സിയും വിത്തുകളും കുറവാണ്. ജ്യൂസാക്കി വേണമെങ്കിലും ഉപയോഗിയ്ക്കാം. വെളുത്ത പേരയ്ക്കയിൽ പഞ്ചസാര, അന്നജം, വൈറ്റമിൻ സി, വിത്തുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റ് പൾപ്പ് പേരയ്ക്കയിൽ ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകളുമുണ്ട്.
പിങ്ക് പേരയ്ക്കയിൽ കരോട്ടിനോയ്ഡ് എന്ന ഓർഗാനിക് പിഗ്മെന്റ് ധാരാളമുണ്ട്. ഈ പിഗ്മെന്റാണ് കാരറ്റിനും തക്കാളിക്കും ചുവന്ന നിറം നൽകുന്നതും.
അതേ സമയം, വെള്ള പേരക്കയിലെ കരോട്ടിനോയ്ഡ് കണ്ടന്റ് അതിന്റെ പൾപ്പിന് നിറം നൽകാൻ പര്യാപ്തമല്ല, കൂടതെ വെള്ള പിങ്ക് നിറങ്ങളിലുള്ള പേരയ്ക്കകൾ തമ്മിൽ രുചിയിലും ചെറിയ വ്യത്യാസമുണ്ട്.കരോട്ടിനോയിഡുകളും പോളിഫെനോൾ സംയുക്തങ്ങളും പിങ്ക് പേരയ്ക്കയ്ക്ക് പൾപ്പ് നിറം നൽകുന്നു. വെള്ള പേരയ്ക്കയിൽ കരോട്ടിനോയിഡുകളും പോളിഫെനോളുകളും നേരിയ അളവിലാണുള്ളത്.
രണ്ടു നിറമുള്ള പേരയ്ക്കയും അതിന്റേതായ ഗുണങ്ങൾ ഉള്ളവയാണ്. അത് കൊണ്ട് രണ്ടും നമ്മുടെ രുചിഭേദമനുസരിച്ച് കഴിയ്ക്കാവുന്നതാണ്.