മലൈകോട്ടൈ വാലിബൻ റിലീസിനു മുന്നേ തന്നെ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ്. മോഹൻലാൽ എന്ന അതുല്യപ്രതിഭയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന കറയറ്റ സംവിധായകനുമാണ് അതിനു പിന്നിൽ. പ്രേക്ഷകർ ഇതുവരെ കാണാത്തതെന്തോ വാലിബനിലുണ്ട് എന്നതും ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ചിത്രത്തെ സംബന്ധിച്ച് പുറത്തിറങ്ങുന്ന പോസ്റ്ററുകളാകട്ടെ ആകാംക്ഷയുടെ ആഴം വർധിപ്പിയ്ക്കുന്നതുമാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ തന്നെ പുറത്തുവിട്ട ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിംഗാണ്.
ഇന്ത്യൻ സ്ക്രീൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മികച്ച ദൃശ്യാനുഭവമാകും വാലിബൻ നൽകുന്നതെന്ന് സാക്ഷാൽ മോഹൻലാൽ തന്നെ ഇപ്പോൾ നേരിട്ടു പറഞ്ഞിരിയ്ക്കുകയാണ്. സാധാരണ ഗതിയിൽ തന്റെ ചിത്രങ്ങളെ പറ്റി മോഹൻലാൽ അധികം കടത്തി പറയാറില്ല,മാത്രമല്ല വിജയ പരാജയങ്ങൾ ഒന്നും താരത്തെ അധികം ബാധിയ്ക്കാറുമില്ല. അങ്ങനെയുള്ള ലാൽ തന്നെ വാലിബനെപ്പറ്റി ഇത്തരത്തിൽ പറയുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയരെ തന്നെയാവും.
വാലിബനെ സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്ന വാർത്ത 2024 ജനുവരി 25 ന് ചിത്രം തിയറ്ററുകളിലെത്തും എന്നതാണ്. 550 മുതൽ 600 വരെ തിയറ്ററുകളിൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുകയും ചെയ്യുന്നുണ്ട്.
അതിനിടെ മോഹൻലാലിന്റേതായി തിയറ്ററിൽ ഇപ്പോൾ നിറഞ്ഞോടുന്ന ജീത്തു ജോസഫ് ചിത്രം നേര് ഏഴു ദിവസം കൊണ്ട് 18 കോടി കളക്റ്റു ചെയ്തു എന്നാണറിയുന്നത്. 2023 ലെ ഏറ്റവും വലിയ വമ്പൻ ഹിറ്റായി മാറുകയാണ് ഈ ചിത്രം.