ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 8 വികറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റൺസിനൊതുക്കിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ അർഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ ശ്രേയാസ് അയ്യരും സായ് സുദർശനും ഫിഫ്റ്റി നേടി.
ഋതുരാജ് ഗെയ്ക്വാദ് (5) വേഗം മടങ്ങിയെങ്കിലും നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് തുടങ്ങിയ അരങ്ങേറ്റക്കാരൻ സായ് സുദർശൻ തകർപ്പൻ ഫോമിലായിരുന്നു. മൂന്നാം നമ്പറിൽ ശ്രേയാസ് അയ്യരും ഉറച്ചുനിന്നതോടെ ഇന്ത്യ അനായാസം കുതിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ 52 റൺസ് നേടി അയ്യർ പുറത്തായെങ്കിലും 55 റൺസ് നേടി പുറത്താവാതെ നിന്ന സായ് സുദർശൻ ഇന്ത്യൻ വിജയം എളുപ്പമാക്കുകയായിരുന്നു