കേരളത്തിൽ ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയതായി ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) സ്ഥിരീകരിച്ചു. ബിഎ.2.86ന്റെ പിൻഗാമിയായ ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദമാണ് കേരളത്തിൽ കണ്ടെത്തിയത്. 79 വയസ്സുള്ള സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിലാണ് ലോകത്താദ്യമായി ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയത്.
ഡിസംബറിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ കേരളത്തിലാണ് ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിൽ അതിവേഗം പടരുന്നതും ഗുരുതരമായി രോഗപ്രതിരോധ ശേഷിയെ തകർക്കുന്നതുമായ ഒരു കോവിഡ് 19 വകഭേദമാണിത്. നേരത്തെ കോവിഡ് ബാധിച്ചവരെയും കോവിഡ് വാക്സിൻ എടുത്തവരേയും ജെഎൻ.1 ബാധിക്കും.ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതായി നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ സഹ ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു.