റഫറിയെ മർദിച്ച തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

At Malayalam
1 Min Read

ടർക്കിഷ് സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. തുർക്കിയയിലെ അങ്കാറഗുകു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോകക്കെതിരെയാണ് ടർക്കിഷ് ഫുട്ബാൾ അസോസിയേഷന്റെ നടപടി. ഇതിന് പുറമെ ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴയിടുകയും അഞ്ച് ഹോം മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ അങ്കാരഗുകു-റിസേസ്പർ ടർക്കിഷ് സൂപ്പർ ലീഗ് മത്സരം സമാപിച്ചയുടനെ‍യാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ആതിഥേയരായ അങ്കാരഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെ റിസേസ്പർ സമനില ഗോൾ നേടി. അന്തിമ വിസിലിന് പിന്നാലെ മൈതാനത്തേക്ക് പാഞ്ഞെത്തിയ അങ്കാരഗുകു പ്രസിഡന്റ് ഫാറൂഖ് കോക മാച്ച് റഫറി ഹലീൽ ഉമുത് മെലെറിന്റെ മുഖത്തും തലക്കും ഇടിക്കുകയായിരുന്നു.മർദനത്തിൽ പരിക്കേറ്റ റഫറി ആശുപത്രിയിൽ ചികിത്സ തേടുകയും ഫാറൂഖ് കോകയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഫാറൂഖ് കോക തന്റെ നടപടിയിൽ പിന്നീട് മാപ്പപേക്ഷിച്ച് രംഗത്തെത്തി. സംഭവത്തെത്തുടർന്ന് റദ്ദാക്കിയിരുന്ന തുർക്കിയയിലെ ലീഗ് മത്സരങ്ങൾ ഡിസംബർ 19 ന് പുനരാരംഭിക്കാനും തീരുമാനമായി.

Share This Article
Leave a comment