പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭയിൽ ശൂന്യവേളയ്ക്കിടെ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി. കയ്യിൽ ഗ്യാസ് കാനുകളുമായെത്തിയ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. ഉടനടി സഭാനടപടികൾ നിർത്തിവച്ചു. പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികത്തിനിടെയാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്. അക്രമികൾ സോക്സിലാണ് ഗ്യാസ് കാനുകൾ ഒളിപ്പിച്ച് കടത്തിയത്. പാർലമെൻ്റ് മന്ദിരത്തിന് പുറത്തും പടക്കം പൊട്ടിച്ചു.
അക്രമികൾ എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. കണ്ണീർവാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എം.പിമാരെല്ലാം സുരക്ഷിതരാണ്. ഒരു യുവതി അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു.