ഭാര്യക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ വൈവാഹിക ബലാത്സംഗം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) കുറ്റമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യക്കെതിരെ പ്രകൃതിവിരുദ്ധ കുറ്റം ചെയ്തതിന് ഭർത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതി പരാമർശം നടത്തിയത്. കേസിലെ പ്രതികളെ ഐപിസി സെക്ഷൻ 377 പ്രകാരം ശിക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ ബെഞ്ച്, വൈവാഹിക ബലാത്സംഗം ഈ രാജ്യത്ത് ഇതുവരെ ക്രിമിനൽ കുറ്റമാക്കിയിട്ടില്ലെന്നും പറഞ്ഞു.
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ, ഭാര്യക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള വൈവാഹിക ബലാത്സംഗത്തിന് ക്രിമിനൽ ശിക്ഷയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.അലഹബാദ് ഹൈക്കോടതി, മധ്യപ്രദേശ് ഹൈക്കോടതിയുടെ മുൻ നിരീക്ഷണം അംഗീകരിച്ചുകൊണ്ട്, വിവാഹ ബന്ധത്തിൽ ഒരു ‘പ്രകൃതിവിരുദ്ധ കുറ്റ’ത്തിനും (ഐപിസി 377 വകുപ്പ് പ്രകാരം) സ്ഥാനമില്ലെന്ന് വ്യക്തമാക്കി.
വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നതിനുള്ള ഹർജികൾ പട്ടികപ്പെടുത്താൻ ഈ വർഷം ആദ്യം സുപ്രീം കോടതി സമ്മതിച്ചിരുന്നു. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.