ഭൂമിയിലേക്ക് വരുന്ന ഭീമാകാരമായ സൂര്യ ജ്വാലകളേക്കുറിച്ച് മുന്നറിയിപ്പുമായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് എജക്ഷന്‍ മൂലമുള്ള സൗരജ്വാലയില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങൾ ഡിസംബർ ഒന്നിന് ഭൂമിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
നേരത്ത നടന്നിട്ടുള്ളതിനേക്കാള്‍ ശക്തമായതാണ് നിലവിലെ സ്ഫോടനങ്ങളെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ഭൂമിയിൽ സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെയുണ്ടായ സ്ഫോടനങ്ങള്‍ സൂര്യന്റെ മറുവശത്തായതിനാൽ ഭൂമിയെ സാരമായി ബാധിച്ചിരുന്നില്ല .സൗരജ്വാലയില്‍ നിന്നുള്ള ഹാനികരമായ വികിരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും മനുഷ്യനെ ബാധിക്കാനും കഴിയില്ലെങ്കിലും, അത് ജിപിഎസ് കണക്റ്റിവിറ്റിയെയും ആശയവിനിമയ സിഗ്‌നലുകളെയും തടസ്സപ്പെടുത്തിയേക്കും. നാസയുടെ സോളാര്‍ ഓര്‍ബിറ്റര്‍ നേരത്തെ ഇത്തരമൊരു ഭീമാകാരമായ സോളാര്‍ സ്‌ഫോടനത്തിന്റെ ചിത്രം പിടിച്ചെടുത്തിരുന്നു.