എഫ്.ഐ.എച്ച് വനിതാ ഹോക്കി ജൂനിയർ ലോകകപ്പിൽ 12 ഗോളിന്റെ ഗംഭീര ജയത്തോടെ ഇന്ത്യ തിളങ്ങി. ചിലിയിലെ സാൻഡിയാഗോയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാനഡയെയാണ് എതിരില്ലാത്ത 12 ഗോളിനു തകർത്തത്. മുംതാസ് ഖാൻ, ദീപിക സോറങ്ക്, അന്നു എന്നിവർ നേടിയ ഹാട്രിക്കാണ് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. മുംതാസ് ഖാൻ നാലു ഗോളുകൾ നേടി.
അന്നു (4, 6, 39-ാം മിനിറ്റ്), ദിപി മോണിക്ക ടോപ്പോ (21), മുംതാസ് ഖാൻ (26, 41, 54, 60), ദീപിക സോറങ്ക് (34, 50′, 54), ഒപ്പം നീലം (45) എന്നിവരാണ് ഇന്ത്യക്കായി ഗോൾ കണ്ടെത്തിയത്.വെള്ളിയാഴ്ച ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ജർമനിയെ നേരിടും.
കഴിഞ്ഞ വർഷത്തെ റണറപ്പായ ജർമനിയും കരുത്തരായ ബെൽജിയവുമുൾപ്പെടുന്ന പൂൾ സിയിലാണ് ഇന്ത്യ. കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ ഇന്ത്യ ഈ വർഷം ഏഷ്യകപ്പ് കിരീടം ചൂടിയാണ് ഇറങ്ങുന്നത്.