ഞായറാഴ്ച നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം 20-20 മത്സരത്തിനായി അവസാന വട്ട ഒരുക്കത്തിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. മഴ മാറി നിന്നാൽ 50,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ക്രിക്കറ്റ് ആവേശത്തിൽ നിറയുമെന്നുറപ്പ്. മത്സരത്തിനായി ഇരു ടീമുകളും ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തും. ടീം ഇന്ത്യക്ക് ഹയാത്ത് റീജൻസിയിലും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണി വരെ ഓസ്ട്രേലിയൻ ടീമും അഞ്ചു മണി മുതൽ എട്ട് മണി വരെ ടീം ഇന്ത്യയും ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരമാണിത്.
മത്സരത്തിനു മുന്നോടിയായി ഗ്രൗണ്ടിലെ അറ്റകുറ്റപ്പണികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.പിച്ചിന്‍റെ മിനിക്കുപണികളും ഇതോടൊപ്പം നടക്കുന്നു. നേരത്തെ ലോകകപ്പ് സന്നാഹ മത്സരത്തിനായി വൻ മാറ്റങ്ങളാണ് സ്റ്റേഡിയത്തിൽ വരുത്തിയത്. ഡ്രസിങ് റൂം പൂർണമായും പുതുക്കിപ്പണിതും ഗാലറിയിൽ അറ്റകുറ്റപ്പണികൾ നടത്തിയും കോർപ്പറേറ്റ് ബോക്‌സുകൾ നവീകരിച്ചതും ഉൾപ്പടെ ഏകദേശം രണ്ടുകോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് കെ.സി.എ സ്റ്റേഡിയത്തിൽ നടത്തിയത്.
ബൗളർമാർക്ക് അനുകൂലമായ പിച്ച് ആണ് ഗ്രീൻ ഫീൽഡിലേത്. ആദ്യം ഫാസ്റ്റ് ബൗളർമാക്കും തുടർന്ന് സ്പിൻ ബൗളർമാർക്കും നേട്ടം നൽകുന്ന പിച്ച്.അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരത്തുണ്ടായ കനത്ത മഴ പെയ്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ, അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും ഞായറാഴ്ച മഴയ്ക്ക് സാധ്യതയില്ലെന്നുമാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞമാസം ഗ്രീൻഫീൽഡിൽ നിശ്ചയിച്ചിരുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു.