റിവ്യൂ കൊണ്ടൊന്നും സിനിമയെ തകർക്കാൻ കഴിയില്ലെന്നും റിവ്യൂ നിർത്തിയതു കൊണ്ടു സിനിമ രക്ഷപ്പെടില്ലെന്നും നടൻ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്‌ചപ്പാടാണു റിവ്യൂവിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചിത്രമായ കാതലിന്റെ പ്രചാരണത്തോടനുബന്ധിച്ചു നടത്തിയ മാധ്യമസമ്മേളനത്തിലായിരുന്നു പ്രതികരണം. റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണു പ്രേക്ഷകർ തിയറ്ററിൽ എത്തുക. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പറയുന്നതു നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. സിനിമ കാണണോ വേണ്ടയോ എന്നു നമുക്കു തോന്നണം. റിവ്യൂ ഒരു വഴിക്കു പോകട്ടെ, സിനിമ സിനിമയുടെ വഴിക്കും. പ്രേക്ഷകർ കാണാൻ തീരുമാനിക്കുന്നത് അവർക്ക് ഇഷ്‌ടമുള്ള സിനിമയാണ്,മമ്മൂട്ടി പറഞ്ഞു. റിവ്യൂവും റോസ്‌റ്റിങ്ങും രണ്ടാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.