ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഐഐടി കാൺപൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20-21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുന്നതിനായാണ് മഴ പെയ്യിക്കുന്നത്. മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
അതേസമയം വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾക്ക് നവംബർ ഒൻപത് മുതൽ 18 വരെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നു.
ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും അയൽ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള നെൽച്ചെടി കത്തിച്ചതിന്റെ പുകയെ തുടർന്നാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും വായു ഗുണനിലവാരം ഇന്ന് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലായിരുന്നു.