അവയവദാനം നടത്തുന്നവർക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം; ആലോചനയുമായി കേരളം

At Malayalam
1 Min Read

മരണാനന്തരം അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്നാട് നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് കേരളവും ആലോചനകൾ തുടങ്ങിയത്.

പ്രായോഗിക വശങ്ങൾ പരിശോധിച്ചശേഷം ആരോഗ്യവകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകും. നയപരമായ കാര്യമായതിനാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കും. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വലിയ ക്യാംപയിൻ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.സിനിമാ താരങ്ങളെയും സമൂഹത്തിൽ അറിയപ്പെടുന്നവരെയും ക്യാംപയ്ന്റെ ഭാഗമാക്കും. നവംബർ പകുതിയോടെ ക്യാംപയിൻ ആരംഭിക്കാനാണ് തീരുമാനം.

ഓരോ ജില്ലകളിലും അവയവദാനത്തിന്റെ ചുമതലയുള്ള കോ ഓർഡിനേറ്റർമാരുടെ യോഗവും നവംബർ പത്തിനു ചേരും.അവയവദാനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ ആരോഗ്യപ്രവർത്തകരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമാകും.കേരളത്തിൽ മരണാനന്തരം അവയവദാനം കുറഞ്ഞതിനെ തുടർന്നാണ് ക്യാംപയിൻ അടക്കമുള്ള നടപടികളിലേക്കു സർക്കാർ കടക്കുന്നത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണാനന്തരമുള്ള അവയവദാനം കുറവാണ്.2015ൽ 218 അവയവങ്ങൾ ദാനം ചെയ്തെങ്കിൽ കഴിഞ്ഞ വർഷം ഇത് 37 ആയി കുറഞ്ഞു. ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്നത് കിഡ്നിക്കാണ്.2308 പേരാണ് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ കിഡ്നിക്കായി മാത്രം റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share This Article
Leave a comment