മങ്കൊമ്പ് അരങ്ങൊഴിയുമ്പോൾ

At Malayalam
1 Min Read

ഇരുനൂറിലേറെ മലയാള സിനിമകൾക്കായി എഴുന്നൂറിലേറെ ഗാനങ്ങൾ രചിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ മറയുമ്പോൾ സിനിമാലോകത്തിന് അത് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. പത്തിലേറെ സിനിമകൾക്ക് അദ്ദേഹം തിരക്കഥയെഴുതി. ആർ ആർ ആർ, ബാഹുബലി ( രണ്ടുഭാഗങ്ങൾ ), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഇളംമഞ്ഞിൻ കുളിരുമായി, ഇവിടമാണീശ്വര സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയിൽ തീർഥമാടിയ കൃഷ്ണശില, പാലരുവീ നടുവിൽ, ഒരു പുന്നാരം കിന്നാരം, നാദങ്ങളായ് നീ വരൂ, കാളിദാസൻ്റെ കാവ്യഭാവനയെ തുടങ്ങിയവ അദ്ദേഹത്തിന്റെ അതി പ്രശസ്തി നേടിയ ഗാനങ്ങളിൽ ചിലതാണ്.

നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ, ജി ദേവരാജൻ, എം കെ അർജുനൻ, രവീന്ദ്ര ജയിൻ, ബോംബെ രവി, കെ വി മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ ആർ റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

എഴുപതുകളിൽ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകൾ ഉണ്ടാക്കികൊണ്ടേയിരുന്നു. പുതിയ തലമുറയ്ക്കും ‘ബാഹുബലി’യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനായി മാറി.

1970 – ൽ മദിരാശിയിലെത്തിയതാണ് ജീവിതത്തിൽ അദ്ദേഹത്തിനു വഴിത്തിരിവായത്. ചെറുപ്പംമുതൽ കവിതയെഴുതുമായിരുന്നു. നാട്ടിലെ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയിൽ അന്വേഷണം എന്ന മാസികയുടെ എഡിറ്ററായി ക്ഷണം ലഭിക്കുന്നത്. മനസ്സിൽ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971 – ൽ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയിൽ ആദ്യമായി പാട്ടെഴുതി. 1974 – ൽ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പർഹിറ്റായി. പിന്നീടങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം അദ്ദേഹത്തിൻ്റെ തൂലികയിൽ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽനിന്നും അദ്ദേഹം സിനിമാഗാനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment