കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവ്വകലാശാല (K U H S) അംഗീകരിച്ച 2024 – 2025 വർഷത്തെ ബി എസ് സി നേഴ്സിംഗ് (ആയുർവേദം), ബിഫാം(ആയുർവേദം) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഉത്തരവ് മുഖേന അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു.
എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഏപ്രിൽ രണ്ടു വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം. ബി എസ് സി നേഴ്സിംഗ് (ആയുർവേദം), ബി ഫാം (ആയുർവേദം) എന്നീ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ +2 / ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. എസ് ഇ ബി സി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ് സി /എസ് ടി അപേക്ഷകർ പാസ്സായാൽ മതിയാകും. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 0471- 2560363, 364.