സി പി എം സംസ്ഥാന സമ്മേളനത്തിനു പിന്നാലെ പത്തനംതിട്ടയിലെ പ്രമുഖ നേതാവും മുൻ എം എൽ എ യും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എം പത്മകുമാർ പരസ്യമായി തനിയ്ക്കുള്ള അതൃപ്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ചതിവ്… വഞ്ചന…. അവഹേളനം… 52 വർഷത്തെ ബാക്കി പത്രം…..ലാൽ സലാം’ എന്ന പോസ്റ്റിനൊപ്പം ദുഃഖം വഴിഞ്ഞൊഴുകുന്ന മുഖഭാവത്തിൽ താടിയ്ക്കു കൈ കൊടുത്തിരിക്കുന്ന പടവും ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തു പത്മകുമാർ. പോരാത്തതിന് ആ ഫോട്ടോ എടുത്ത് പ്രൊഫൈൽ പിക്ചറാക്കുകയും ചെയ്തു സി പി എം നേതാവ്. കുറച്ചു കഴിഞ്ഞ് പോസ്റ്റും പടവും അപ്രത്യക്ഷമാവുകയും ചെയ്തു.
തന്നെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. പോരാത്തതിന് മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തിൽ പത്തനംതിട്ടയിലെ മറ്റു ചില സി പി എം നേതാക്കൾക്കും അതൃപ്തി ഉള്ളതായി പറഞ്ഞു കേൾക്കുന്നു. അതെന്തായാലും ഉച്ച ഭക്ഷണത്തിനോ തുടർന്നുള്ള പൊതു സമ്മേളനത്തിലോ പങ്കെടുക്കാതെ പത്മകുമാർ കൊല്ലം വിടുകയും ചെയ്തു.