മകൻ്റെ ദേഹത്ത് എം ഡി എം എ കടത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം

At Malayalam
1 Min Read

പത്തനംതിട്ട തിരുവല്ലയിൽ രാസലഹരി വസ്തുക്കൾ വിൽക്കാൻ 10 വയസുകാരനായ മകനെ ഉപയോഗിച്ച പിതാവിനെതിരെ ബാലനീതി നിയമ പ്രകാരം കൂടി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. 39 കാരനായ പ്രതി രാസലഹരി വസ്തുക്കൾ ചെറിയ പാക്കറ്റുകളിലാക്കി മകൻ്റെ ദേഹത്ത് സെലോ ടേപ്പുകൊണ്ട് ഒട്ടിച്ചു വച്ചാണ് വില്പന നടത്തിയിരുന്നത്. ഇത്തരത്തിൽ എം ഡി എം എ അടക്കമുള്ള മാരക ലഹരി വസ്തുക്കൾ സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും നൽകി വന്നിരുന്നതായി ഇയാൾ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.

കച്ചവടത്തിനു പോകുമ്പോൾ ഇരു ചക്രവാഹനത്തിലോ കാറിലോ മകനേയും കൂടി ഇയാൾ ഒപ്പം കൂട്ടും. ആർക്കും പെട്ടന്ന് സംശയം തോന്നാത്ത വിധത്തിലാണ് കച്ചവടം നടത്തിയിരുന്നത്. അഥവാ പൊലീസോ എക്സൈസോ പരിശോധിച്ചാലും കുട്ടിയെ പരിശോധിക്കാൻ സാധ്യതയില്ല എന്നതും ഇയാൾക്ക് തുണയായി എന്നു വേണം കരുതാൻ. കോളജ് വിദ്യാർത്ഥികളിൽ ചിലരെ ഇയാൾ തൻ്റെ വില്പനയുടെ ഏജൻ്റുമാരാക്കിയതായും പൊലിസ് പറയുന്നു. കർണാടകത്തിൽ നിന്ന് ലഹരിവസ്തുക്കൾ കടത്തി ഇയാൾ എവിടെയോ സൂക്ഷിച്ചു വച്ചിട്ടുള്ളതായും പൊലിസിനു സംശയമുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്താനാണ് എക്സൈസും ശ്രമിക്കുന്നത്.

- Advertisement -
Share This Article
Leave a comment