കനത്ത വെയിലേറ്റ് കാസർഗോഡ് വൃദ്ധൻ മരിച്ചതായി സംശയം. കയ്യൂർ സ്വദേശിയായ 92 കാരൻ കുഞ്ഞിക്കണ്ണൻ ആണ് സൂര്യാഘാതമേറ്റ് മരിച്ചത് എന്ന് സംശയിക്കുന്നത്. ഇന്ന് ഉച്ചയോടെ സ്വന്തം വീട്ടിൽ നിന്നും സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പോകാനായി ഇറങ്ങി നടന്ന കുഞ്ഞിക്കണ്ണൻ വീടിനു സമീപത്തു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ അദ്ദേഹത്തെ ചെറുവത്തൂരുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു പോയിരുന്നു.
കുഞ്ഞിക്കണ്ണൻ്റെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ മരണകാരണം സൂര്യാഘാതമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ജില്ലാ മെഡിക്കൽ ഓഫിസർ പറയുന്നു.
കാസർഗോഡ് ജില്ല ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൃത്യമായ മുൻ കരുതലുകൾ ചൂട് നേരിടാൻ ആവശ്യമാണ്. പകൽ സമയങ്ങളിൽ പ്രത്യേകിച്ചും ഉച്ച സമയത്ത് മതിയായ സുരക്ഷ ഇല്ലാതെ വെയിൽ ശരീരത്തിൽ നേരിട്ട് ഏൽക്കരുത്. ധാരാളം ശുദ്ധജലം കുടിക്കുകയും വേണം. സൂര്യ പ്രകാശത്തിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. മികച്ച ജാഗ്രത തന്നെയാണ് മുഖ്യം.