കൊല്ലത്തു നിന്ന് ഒന്നുമാറിയാൽ തന്നോട് വലിയ കരുതലാണന്ന് മുകേഷ്
കൊല്ലത്തു നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിയാൽ മാധ്യമങ്ങൾ തന്നോടു കാണിക്കുന്ന കരുതലിന് വലിയ നന്ദിയുണ്ടെന്ന് നടനും കൊല്ലം എം എൽ എയുമായ മുകേഷ്. സി പി എം ൻ്റെ സംസ്ഥാന സമ്മേളന സ്ഥലത്തൊന്നും മുകേഷിനെ കണ്ടില്ലല്ലോ എന്ന മാധ്യമ ചോദ്യത്തിനുള്ള മറുപടിയായാണ് മുകേഷ് ഇങ്ങനെ പറഞ്ഞത്. താൻ ജോലിത്തിരക്കിലായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടി അംഗങ്ങളാണ്, താൻ പാർട്ടിയിൽ അംഗമല്ല.
നിയമസഭാ സമ്മേളനമില്ലാത്ത സമയങ്ങളിലാണ് തൻ്റെ ജോലിയായ സിനിമാ അഭിനയത്തിനായി പോകുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങി വന്നതോടെ താൻ സമ്മേളന നഗരിയിൽ എത്തിയതാണന്നും മുകേഷ് പറഞ്ഞു. ജോലിയാണല്ലോ ജീവിത മാർഗം അതിനു വേണ്ടി പോയതാണ്. എന്തായാലും തന്നോട് മാധ്യമങ്ങൾ കാണിക്കുന്ന കരുതലിന് വലിയ നന്ദിയുണ്ടന്നും നമ്മളില്ലാതെ കൊല്ലമില്ലെന്നും ചിരിയോടെ മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.