കണക്കിലെ വോട്ടും പെട്ടിയിലെ വോട്ടും ചേരാൻ പണിയെടുക്കണമെന്ന്

At Malayalam
1 Min Read

കൊല്ലത്തു നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിലെ സംഘടനാ രേഖയിൽ സ്വയം വിമർശനപരമായ നിരവധി നിർദേശങ്ങൾ. പാർട്ടിയും പാർട്ടി നേതാക്കളും അനുഭാവികളും സാധാരണ ജനങ്ങളിൽ നിന്നകന്നതാണ് പാർട്ടിയ്ക്ക് കേരളത്തിൽ ദൗർബല്യം സംഭവിക്കാൻ കാരണമെന്നാണ് പ്രധാന വിലയിരുത്തൽ. അത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ നേരത്തേ ബ്രാഞ്ച് അതിർത്തികളിൽ പ്രവർത്തകർക്ക് ചില പ്രായോഗിക പ്രവർത്തന നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും രേഖ വിലയിരുത്തുന്നു.

സാധാരണ ജനങ്ങളുമായി നേരിട്ട് ദിനേന ബന്ധപ്പെടാനും പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താനും കഴിയണം. അങ്ങനെയെങ്കിൽ മാത്രമേ ജനങ്ങളുടെ, സർക്കാരിനോടും പാർട്ടിയോടുമുള്ള സമീപനം വേഗത്തിൽ മനസിലാക്കാൻ കഴിയൂ. പാർട്ടി അനുഭാവികളും പാർട്ടിയും തമ്മിൽ അകലമുണ്ടാകരുത്. പാർട്ടി അനുഭാവികളേയും അണികളേയും ചേർത്ത് പൊതുയോഗങ്ങൾ വിളിക്കുന്ന ഒരു സമ്പ്രദായം നേരത്തേ ഉണ്ടായിരുന്നു. അത് ഇപ്പോൾ ഇല്ലാതെയായതായും സംഘടനാ രേഖ വിലരുത്തുന്നു.

ചില ജില്ലകളിലെ നേതാക്കൻമാർക്കിടയിൽ വ്യക്തിപരമായ താല്പര്യങ്ങൾ വർധിച്ചിട്ടുണ്ട്. ഇത് പാർട്ടിക്ക് ദോഷം ചെയ്യും. ചില ജില്ലാ കമ്മിറ്റികൾ ഏകോപനമില്ലാതെയും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക വിഷയങ്ങളിൽ നിരന്തരം സജീവമായി ഇടപെടുകയും പ്രശ്നങ്ങൾ അപ്പപ്പോൾ തീർപ്പാക്കി പോവുകയും ചെയ്യാത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും കണക്കു കൂട്ടിയ വോട്ടുകളും പെട്ടിയിലെ വോട്ടുകളും തമ്മിൽ വലിയ അന്തരമുണ്ടാകുന്നതെന്നും രേഖയിൽ പറയുന്നു.

- Advertisement -
Share This Article
Leave a comment