മലപ്പുറം ജില്ലയിലെ താനൂരിൽ നിന്നും കാണാതായ രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളെ മുംബൈയിൽ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. താനൂർ ദേവധാർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വിദ്യാർത്ഥിനികൾ മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു യുവാവിനൊപ്പമാണ് മുംബൈ പൻവേലിയിൽ എത്തിയതെന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം. പെൺകുട്ടികൾ നാട്ടിൽ നിന്നു പോകുന്നതിനു മുമ്പ് ഈ യുവാവിൻ്റെ മൊബയിൽ ഫോണിൽ നിന്ന് പലവട്ടം പെൺകുട്ടികളുടെ ഫോണുകളിലേക്ക് വിളിച്ചിരുന്നു.
യുവാവിൻ്റെ എടവണ്ണയിലെ വീട്ടിൽ പൊലീസെത്തി കൂടുതൽ അന്വേഷണം നടത്തുകയും മൊബയിൽ ടവർ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തതാണ് പൊലിസിന് പെൺകുട്ടികൾ മുംബൈയിലാണന്ന് മനസിലാക്കാൻ കഴിഞ്ഞത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം പോകാൻ ഇവർ ആദ്യം ട്രെയിനിൽ കോഴിക്കോട് എത്തുകയും അവിടെ നിന്ന് യുവാവിനൊപ്പം ട്രെയിനിൽ തന്നെ മുംബൈയിലേക്ക് പോവുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
ബുധനാഴ്ച പരീക്ഷയ്ക്കായി സ്കൂളിൽ പോയ കുട്ടികളെയാണ് കാണാതായത്. പരീക്ഷയ്ക്ക് കുട്ടികളെ കാണാഞ്ഞതിനെ തുടർന്ന് അധ്യാപകർ ഇരുവരുടേയും വീട്ടിൽ വിവരം അറിയിച്ചപ്പോഴാണ് കുട്ടികളെ കാണാനില്ലെന്നറിയുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ കുട്ടികളുടെ മൊബയിൽ ഫോൺ പ്രവർത്തിച്ചിരുന്നുള്ളു. താനൂർ എസ് ഐയും പൊലിസ് സംഘവും ഇന്നു രാവിലെ വിമാനത്തിൽ മുംബൈയിൽ എത്തി കുട്ടികളെ മടക്കി കൊണ്ടുവരും എന്നാണ് വിവരം.