ബാങ്കുകളില്‍ വാട്‌സ്ആപ്പിന് വിലക്ക്

At Malayalam
1 Min Read

ഇടപാടുകാർക്ക് വാട്ആപ്പ് പോലുള്ള ആപ്പുകളിലൂടെ വിവരങ്ങൾ കൈമാറുന്നതിന് സൗദി ബാങ്കുകൾക്ക് വിലക്ക്. സൗദി സെൻട്രൽ ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകൾക്ക് കർശന നിർദേശം നൽകിയത്. ബാങ്ക് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വേണ്ടിയാണ് നടപടിയെന്ന് സാമ അറിയിച്ചു.

ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതിന് സുരക്ഷിതമായ ബദലുകൾ ബാങ്കുകൾ കണ്ടെത്തണമെന്നും നിർദേശമുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്‌ബോട്ടുകളോ ഉപയോഗിക്കണം. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ബിൽ പേയ്‌മെന്റുകൾക്ക് ബാങ്ക്, സർക്കാർ വെബ്‌പോർട്ടലുകളോ മറ്റ് ഔദ്യോഗിക ഡിജിറ്റൽ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കണെന്നും ഇടപാടുകാരോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സൗദി അറേബ്യയിലും തട്ടിപ്പുകൾ വർധിക്കുന്നതായാണ് അറബ് നാഷണൽ ബാങ്കിന്റെ ഡിജിറ്റൽ ഫ്രോഡ് കൺട്രോൾ വിഭാഗം മേധാവി റിമ അൽ ഖത്താനി പറയുന്നത്. ഇടപാടുകാരുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ച്, വ്യാജ ജീവകാരുണ്യ സംഘടനകളുടെ പേരിൽ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടതായി റിമ പറയുന്നു. അടുത്തിടെ, സൗദി മാധ്യമ വിഭാഗവും ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. വർധിച്ചു വരുന്ന വിവര സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സൗദി സെൻട്രൽ ബാങ്ക് കർശന നടപടികളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

Share This Article
Leave a comment