കോഴിക്കോട് താമരശ്ശേരിയില്‍ ഇന്നലെ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ പ്രതികള്‍ അക്രമിച്ചത് അതി മാരകമായിട്ടാണെന്ന് പൊലിസ്. ആയോധനകലയായ കരാട്ടെയിൽ വിദഗ്ധരായിട്ടുള്ളവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികൾ ഷഹബാസിനെ ആക്രമിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു.
അഞ്ചു വിദ്യാര്‍ത്ഥികൾ ചേർന്നാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഇവരിൽ ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലവമുണ്ടന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വിശദമായ അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആരുടെയെങ്കിലും കൂടി പങ്കാളിത്തമുണ്ടോ എന്നും പരിശോധിക്കും. അത്തരത്തിൽ എന്തെങ്കിലും അവരുടെ പേരിലും കേസെടുക്കുമെന്നും എസ് പി പറഞ്ഞു.
സംഘര്‍ഷമുണ്ടായ ശേഷം വിദ്യാര്‍ത്ഥി ഒരു മാളിലേക്ക് ഓടിക്കയറിയിരുന്നു. അവിടെ നിന്നും മറ്റൊരാളുടെ ബൈക്കില്‍ കയറിയാണ് പോയത്. എന്നാൽ കുട്ടി സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കില്‍ പോയ സമയത്ത് തന്നെ പല തവണ ഛര്‍ദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടില്‍പോയി കുറേ സമയം കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്കു പോയത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു കൊണ്ടുതന്നെ കൃത്യമായ ചികിത്സ ലഭിക്കുന്നതില്‍ ചെറിയ കാലതാമസം നേരിട്ടിട്ടുണ്ടെന്നും കെ ഇ ബൈജു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് ഇന്നലെ നടന്ന വിദ്യാർഥികളുടെ ആക്രമണത്തിൽ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയവേയാണ് ഷഹബാസ്. രാത്രി പന്ത്രണ്ടരയോടെ മരിച്ചത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് ഇന്നലെ പരസ്പരം ഏറ്റുമുട്ടിയത്.