പൊട്ടി പാളിസായി ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച

At Malayalam
1 Min Read

പരസ്പ്പരം വഴക്കുണ്ടാക്കി പിരിഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഉക്രൈൻ പ്രസിഡൻ്റ് വ്ളാദിമിർ സെലൻസ്കിയും. പൊരിഞ്ഞ വഴക്കിനൊടുവിൽ വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് സെലൻസ്കിയെ ഇറക്കി വിട്ടു എന്നാണ് വിവരം. ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ രണ്ടു രാഷ്ട്രതലവൻമാരുടെ കൂടുക്കാഴ്ചയാണ് ഇങ്ങനെ അടിച്ചു പിരിഞ്ഞതെന്നത് വിസ്മയകരമാണ്. സെലൻസ്കിക്ക് സമാധാനത്തിൽ താല്പര്യമില്ലെന്നും വൈറ്റ് ഹൗസിൽ അനാദരവു കാട്ടിയെന്നും ട്രംപിനോടൊപ്പം ചർച്ചയിൽ പങ്കെടുത്ത അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് പിന്നീട് പറഞ്ഞു.

നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോരു നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മൂന്നാം ലോക മഹായുദ്ധത്തിന് താങ്കൾ ശ്രമിക്കുകയാണോ എന്ന് ട്രംപ് സെലൻസ് കിയോട് ചോദിച്ചു. എന്നാൽ ഈ ചോദ്യം ഉൾപ്പെടെയുള്ള ട്രംപിൻ്റെ നിലപാടുകളെല്ലാം സെലൻസ്കി പുച്ഛിച്ചു തള്ളിക്കളഞ്ഞു. യുദ്ധം നിർത്തേണ്ടത് നയതന്ത്രത്തിലൂടെയാണന്ന വാൻസിൻ്റെ നിർദേശത്തിന് എന്തു തരം നയതന്ത്രം എന്നു തിരിച്ചടിച്ച സെലൻസ്കി, റഷ്യൻ പ്രസിഡൻ്റ് പലതവണ പരസ്പ്പരമുണ്ടാക്കിയ ധാരണ ലംഘിച്ചത് അറിഞ്ഞില്ലേ എന്നും തിരിച്ചു ചോദിച്ചു. പൊതുവേ ഉക്രൈൻ വിരുദ്ധ നിലപാടുള്ള വാൻസ് ഇതോടെ അത്യന്തം ക്ഷുഭിതനായി എണീറ്റു.

വീണ്ടും തർക്കത്തിൽ ഇടപെട്ട ട്രംപ് സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാൻ താങ്കൾക്ക് അധികാരമില്ലെന്നും ഈ നിലപാടുള്ള ഉക്രൈന് ഇത്രയും കാലം സാമ്പത്തിക സഹായം നൽകി വന്ന മുൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒരു വിഡ്ഢിയായിരുന്നുവെന്നും പരിഹസിച്ചു. തുടർന്ന് ഉടൻ വൈറ്റ് ഹൗസ് വിട്ടുപോകാൻ സെലൻസ്കിയോട് ക്ഷുഭിതനായി ആവശ്യപ്പെടുകയും ചെയ്തു.

പുറത്തിറങ്ങിയ സെലൻസ്കി സംയുക്ത വാർത്താ സമ്മേളനത്തിനായി കാത്തു നിന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ നടന്നു പോയി. ലോക രാജ്യങ്ങൾ ഒന്നും സംഭവത്തിൽ അഭിപ്രായപ്രകടനങ്ങൾ ഇതുവരേയും നടത്തിയിട്ടില്ല. എല്ലാവരും കരുതലോടെ മാത്രം ഈ വിഷയത്തിൽ അഭിപ്രായം പറയാനാണ് സാധ്യത.

- Advertisement -
Share This Article
Leave a comment