കടൽ മണൽ ഖനനത്തിനെതിരെ കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹർത്താൽ ബുധനാഴ്ച രാത്രി 12 മുതൽ ആരംഭിക്കും. വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിൻറെ ഭാഗമായി വ്യാഴാഴ്ച രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനങ്ങൾ നടക്കും. ഹർത്താലിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിങ് സെൻററുകൾ, മത്സ്യച്ചന്തകൾ എന്നിവയുടെ പ്രവർത്തനം സ്തംഭിക്കും. എന്നാൽ നിർബന്ധിച്ചു കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
എൽഡിഎഫും യുഡിഎഫും ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ലത്തീൻ സഭ, ധീവരസഭ, വിവിധ ജമാ-അത്തുകൾ, മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകൾ, ഫിഷ് മർച്ചൻറ്സ് അസോസിയേഷൻ, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകൾ, ബോട്ട് ഓണേഴ്‌സ് സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്.
കടൽമണൽ ഖനനത്തിലെ കേന്ദ്രസർക്കാർ നയത്തിനെതിരായി മാർച്ച് 12ന് ഡൽഹിയിൽ പാർലമെൻറ് മാർച്ച് നടത്തുമെന്നും ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചിട്ടുണ്ട്.