തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന പ്രതി അഫാന്റെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് പൊലീസ് മൊഴി എടുക്കുന്നത്. അഫാന് മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ലത്തീഫിന്റെ വീട്ടിൽ പ്രതി അഫാൻ മോഷണ ശ്രമം നടത്തി. അലമാര തുറന്ന നിലയിലായിരുന്നു. എന്നാൽ ശരീരത്തിലെ ആഭരണങ്ങൾ നഷ്ട്ടപ്പെട്ടിട്ടില്ലെന്നും ഡിവൈഎസ്പി അരുൺ കെ എസ് പറഞ്ഞു. പ്രതി ലഹരി ഉപയോഗിച്ചിരുന്നു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.
നെഞ്ചിന് മുകളിൽ ചുറ്റികകൊണ്ട് അടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്തിലും തലയ്ക്ക് പിന്നിലും മുഖത്തുമായി ചുറ്റിക കൊണ്ട് അടിച്ചു. കൊലപാതക കാരണം പലതാണെന്നും കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം കൂട്ടക്കൊലയിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രത്യേക സംഘത്തിൽ നാല് സിഐമാരുണ്ട്. റൂറൽ എസ്പി അന്വേഷണത്തിന് നേതൃത്വം നൽകും. വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെയാണ് പ്രതി അഫാൻ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. ഇന്നലെ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്.
അഫാന്റെ സഹോദരൻ അഫ്സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ ഉമ്മ ഷെമിക്കും (40) വെട്ടേറ്റു. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.