കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച കേസിൽ എൻഐഎ പ്രതികളുടെ മൊഴിയെടുത്തു. പെരുമ്പുഴ സ്വദേശി അരുൺ, കുണ്ടറ സ്വദേശി രാജേഷ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു.
ശനി പുലർച്ചെ 3 മണിയോടുകൂടി ആയിരുന്നു സംഭവം. ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ടെലിഫോൺ പോസ്റ്റ് എടുത്തുവെച്ചത്. ട്രാക്കിൽ പോസ്റ്റ് കണ്ട സമീപവാസികൾ എഴുകോൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു.എന്നാൽ സംഭവസ്ഥലത്തു നിന്നും പൊലീസ് പോയതിന് ശേഷം വീണ്ടും പോസ്റ്റ് പഴയപടി എടുത്തുവെച്ചു. പിന്നീട് കുണ്ടറ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി വീണ്ടും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പാലരുവി എക്സ്പ്രസ് അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്നിരുന്നു.
അരുണും രാജേഷും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് വിവരം. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പോസ്റ്റ് പാളത്തിൽവച്ച് മുറിച്ചതിന് ശേഷം മറിച്ച് വിൽക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നാണ് പ്രതികളുടെ മൊഴി. ട്രയിൻ അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.