മാർപാപ്പ പദവി
ഒഴിയാന്‍ സാധ്യത ; ആരോഗ്യനിലയിൽ
പുരോഗതി‌

At Malayalam
1 Min Read

ശ്വാസകോശ അണുബാധയെയും ന്യുമോണിയയെയും തുടർന്ന്‌ ചികിത്സയിലുള്ള ഫ്രാൻസിസ്‌ മാർപാപ്പ പദവിയൊഴിഞ്ഞേക്കുമെന്ന് സൂചന. വത്തിക്കാനിലെ സുപ്രധാന ചുമതലയുള്ള ആർച്ച്‌ ബിഷപ്പുമാരാണ്‌ ഇതുസംബന്ധിച്ച സൂചന നൽകിയത്.

ആരോഗ്യനില മെച്ചപ്പെട്ടില്ലെങ്കിൽ ഫ്രാൻസിസ്‌ മാർപാപ്പ സ്ഥാനം ഒഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “എല്ലാത്തിനും സാധ്യതയുണ്ട്’ എന്നായിരുന്നു ഫ്രാന്‍സിലെ മാര്‍സെ ആര്‍ച്ച് ബിഷപ് ജീന്‍ മാര്‍ക് അവേലിന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലാണെങ്കിലും സഭയുടെ ജീവിതം തുടരും എന്നാണ് ബാഴ്‌സലോണ ആര്‍ച്ച് ബിഷപ് ജുവാന്‍ ജോസ ഒമെല്ല മറുപടി നല്‍കിയത്.

കർദിനാൾ ജിയാൻഫ്രാങ്കോ രവാസിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. വിശ്വാസികളുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് ഉറപ്പാണ്- എന്നാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. ആരോഗ്യനില മോശമായാൽ പദവിയൊഴിയുന്നതിനായി നൽകേണ്ട രാജിക്കത്ത്‌ തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് മാർപാപ്പ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഈമാസം 14 മുതൽ ചികിത്സയിലുള്ള മാർപാപ്പയ്ക്ക്‌ ശ്വാസകോശത്തിൽ അണുബാധയുണ്ട്. ന്യുമോണിയ സ്ഥിരീകരിച്ചു. എന്നാല്‍, മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി വത്തിക്കാൻ അറിയിച്ചു. ഭക്ഷണം കഴിക്കുന്നുണ്ട്. കസേരയില്‍ ഇരുന്നുകൊണ്ട് സ്വന്തം ചുമതലയുടെ ഭാ​ഗമായ ജോലികള്‍ മാര്‍പാപ്പ നിര്‍വഹിക്കുന്നുണ്ട്.

Share This Article
Leave a comment