കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു സെമിഫൈനൽ മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തി മുന്നേറിയ വിദര്‍ഭയാകും ഫൈനലിൽ എതിരാളികള്‍.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടീമിനെതിരെ നേടിയ ഒന്നാം ഇന്നിങ്സ് ലീഡിന്റെ പിൻബലത്തിലാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം ഉറപ്പിച്ചത്. ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെയാണ് കേരളം പൊരുതിയത്. 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു മുന്നിൽ.
കേരളം 455 റണ്‍സിന് ഗുജറാത്തിനെ തളർത്തി. ഒന്നാം ഇന്നിങ്സില്‍ പുറത്താകാതെ 177 റണ്‍സ് നേടി മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരമായത്. രണ്ടാം ഇന്നിങ്സിൽ 114 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഒന്നാംഇന്നിങ്സിന്റെ ലീഡിന്റെ പിൻബലത്തിലാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്.
സാധ്യതകള്‍ ഒടുങ്ങി എന്നു കരുതിയിരിക്കുമ്പോഴാണ് കേരളം പൊരുതിക്കയറി ചരിത്രത്തിലേക്ക് മുന്നേറിയത്. ഇനി ഫൈനലിലും കേരളത്തെ കാത്തിരിക്കുന്നത് കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നിയോഗം തന്നെയാണ്. 80 റണ്‍സിനായിരുന്നു മുംബൈയ്ക്ക് എതിരെ വിദർഭയുടെ വിജയം.