ബി ജെ പി നേതാവ് രേഖ ഗുപ്ത ദല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. ലെഫ് : ഗവർണർ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖഗുപ്ത.
അന്തരിച്ച ബി ജെ പി മുതിര്‍ന്ന നേതാവ് സുഷമ സ്വരാജായിരുന്നു ബിജെപിയുടെ ദല്‍ഹിയിലെ അവസാനത്തെ മുഖ്യമന്ത്രി. പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവീന്ദ്ര ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവർ മന്ത്രിമാരായും മുഖ്യമന്ത്രിക്കു പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ദല്‍ഹിയില്‍ ബി ജെ പി അധികാരത്തിൽ മടങ്ങിയെത്തുന്നത്.
ഷാലിമാര്‍ ബാഗില്‍ നിന്നുള്ള നിയമസഭാംഗമായ രേഖ നിലവിൽ മഹിള മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാണ്. രാംലീല മൈതാനത്ത് ഉച്ചയ്‌ക്ക് 12ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, തുടങ്ങിയ നേതാക്കളുടെ വലിയ നിര തന്നെ ഉണ്ടായിരുന്നു. കൂടാതെ ബി ജെ പി നേതൃത്വം നൽകുന്ന സർക്കാരുകൾ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥികളായി പങ്കെടുത്തിരുന്നു.