മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അധ്യാപകനും തിരക്കഥാകൃത്തുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണന് അന്തരിച്ചു. 94 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തിരുവിതാംകൂർ മഹാരാജാവും സംഗീതജ്ഞനുമായിരുന്ന സ്വാതിതിരുനാളിൻ്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ലെനിന് രാജേന്ദ്രന് ഒരുക്കിയ സ്വാതി തിരുനാള്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതിസന്ധി എന്നീ ചലച്ചിത്രങ്ങള്‍ക്ക് ശ്രീവരാഹം തിരക്കഥയൊരുക്കിയിട്ടുണ്ട്. ഹരികുമാറിന്റെ സ്നേഹപൂര്‍വം മീര, ജേസിയുടെ അശ്വതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും കെ ജി ജോര്‍ജിന്റെ ഇലവങ്കോട് ദേശം എന്ന ചിത്രത്തിൻ്റെ സംഭാഷണവും രചിച്ചതും ശ്രീ വരാഹം ബാലകൃഷ്ണനാണ്.
നിരവധിയായ സാഹിത്യ രചനകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. അരവിന്ദ് ഘോഷിന്റെ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ച ശേഷം ദീര്‍ഘകാലം കേരള രാജ്ഭവനില്‍ പബ്ളിക് റിലേഷൻസ് ഓഫിസറായും പ്രവര്‍ത്തിച്ചിരുന്നു.‘ഈടും ഭംഗിയുമാണ് ഹാന്റക്സിന്റെ ഊടും പാവും’ എന്ന പരസ്യവാചകം ഹാന്റക്സിനു വേണ്ടി എഴുതി തയ്യാറാക്കിയത് ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു.
നടനും എഴുത്തു കാരനുമായ അന്തരിച്ച പി ബാലചന്ദ്രന് അദ്ദേഹത്തിൻ്റെ ഭാര്യാ സഹോദരനാണ്. ശ്രീ വരാഹത്തിൻ്റെ പ്രധാന രചനകള്‍ : അബ്ദുള്ളക്കുട്ടി (കഥ), നദീമധ്യത്തിലെത്തും വരെ (കഥ). കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം, അബുദബി ശക്തി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പി എസ് രാധയാണ് ഭാര്യ.