പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി : ഡല്‍ഹി പൊലീസ്

At Malayalam
1 Min Read

അവസാന നിമിഷം പ്ലാറ്റ്‌ഫോം മാറ്റിക്കൊണ്ടുള്ള അറിയിപ്പും, പ്രയാഗ് രാജ് എക്‌സ്പ്രസും സ്‌പെഷൽ ട്രെയിനും ഒരേസമയം അറിയിച്ചതിനെത്തുടർന്നുള്ള ആശയക്കുഴപ്പവും ദുരന്തത്തിന് വഴിവെച്ചുവെന്ന് ഡൽഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ടു ട്രെയിനുകൾ സംബന്ധിച്ച് ഒരേസമയം അനൗൺസ്‌മെന്റ് നടത്തിയത് യാത്രക്കാരിൽ ആശയക്കുഴപ്പം വർധിപ്പിച്ചു. ഇത് സ്റ്റേഷനിൽ നിയന്ത്രിക്കാനാകാത്ത വിധം തിക്കും തിരക്കും ഉണ്ടാകാൻ കാരണമായെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.

ഡൽഹി റെയിൽവേ സ്റ്റേഷനിലെ 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ പ്രയാഗ് രാജ് എക്‌സ്പ്രസ് ട്രെയിൻ എത്തിയപ്പോഴാണ്, പ്രയാഗ് രാജ് സ്‌പെഷൽ ട്രെയിൽ 16-ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതായി അനൗൺസ്‌മെന്റ് ഉയർന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ യാത്രക്കാർ നെട്ടോട്ടമായി. 14-ാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ തങ്ങളുടെ ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് വരുന്നതെന്ന് വിചാരിച്ച് തിരക്ക് കൂട്ടിയത് അപകടത്തിന് വഴിവെച്ചു.

ഇതോടൊപ്പം പ്രയാഗ് രാജിലേക്കുള്ള നാലു ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതും തിരക്ക് അനിയന്ത്രിതമാക്കിയെന്ന് ഡൽഹി പൊലീസ് പറയുന്നു. അതേസമയം അവസാന നിമിഷം ട്രെയിനുകളുടെ പ്ലാറ്റ്‌ഫോമുകൾ മാറ്റിയെന്ന ദൃക്‌സാക്ഷികളുടെ ആരോപണം റെയിൽവേ നിഷേധിച്ചു. ഒരു ട്രെയിനിന്റെ പ്ലാറ്റ്‌ഫോമും മാറ്റിയിട്ടില്ല. ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ല. എല്ലാ ട്രെയിനുകളും നിശ്ചയിച്ച സമയക്രമത്തിൽ തന്നെയാണ് സർവീസ് നടത്തിയിരുന്നതെന്ന് നോർത്തേൺ റെയിൽവേ ചീഫ് പി ആർ ഒ ഹിമാൻഷു ഉപാധ്യായ് പറഞ്ഞു.

ഒരു യാത്രക്കാരൻ സമീപത്തുള്ള പടികളിൽ നിന്ന് വഴുതി വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഒരു ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നർസിംഗ് ദിയോ, നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ പങ്കജ് ഗാങ്വാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ എല്ലാ വീഡിയോ ദൃശ്യങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ കമ്മിറ്റി നിർദേശം നൽകി. ദുരന്തത്തിൽ 11 പേർ സ്ത്രീകളും നാല് പേർ കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്.

- Advertisement -
Share This Article
Leave a comment