ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ

At Malayalam
1 Min Read

സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പുത്തൻ പരീക്ഷണങ്ങൾ ഇടയ്ക്കിടെ നടപ്പാക്കുന്നവരാണ് ടെക് ഭീമൻമാരായ മെറ്റ. ഇപ്പോൾ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃകമ്പനി. കമന്റുകൾക്ക് ഡിസി‍ലൈക്ക് ബട്ടൺ അവതരിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ. എല്ലാ കമന്റുകളും ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ നിലവിലുണ്ട്. ഇതിനോടൊപ്പം തന്നെയാണ് താൽപ്പര്യമില്ലാത്ത കമന്റുകൾ ഡിസ്‍ലൈക്ക് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നത്. നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നുമാണ് മെറ്റ അറിയിക്കുന്നത്.

പുതിയ ഫീച്ചറിനെപ്പറ്റിയുള്ള അപ്ഡേഷനുകൾക്ക് സമ്മിശ്രപ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്ന് ലഭിക്കുന്നത്. പലരും ഡിസ്‍ലൈക്ക് ഓപ്ഷൻ വരുന്നതിനെ അനുകൂലിക്കുമ്പോൾ ഒരു വിഭാ​ഗം ഇതിന്റെ ആവശ്യമെന്താണെന്നും ചോദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നെ​ഗറ്റിവിറ്റി വ്യാപകമാകുന്ന സാഹചര്യത്തിൽ കമന്റുകൾക്ക് കൂടി ഡിസ്‍ലൈക്ക് ഓപ്ഷൻ നൽകുന്നത് കൂടുതൽ കുഴപ്പമാകുമെന്നാണ് ചിലരുടെ വാദം. ഇൻസ്റ്റ​ഗ്രാമിൽ ഡിസ്‍ലൈക്ക് ഓപ്ഷൻ വരുന്നതോടെ സൈബർ ബുള്ളിയിങ് വർധിക്കുമെന്നും പ്ലാറ്റ്ഫോം കൂടുതൽ സങ്കീർണമാകുമെന്നുമാണ് ഡിസ്‍ലൈക്ക് ഫീച്ചർ എതിർക്കുന്നവരുടെ പക്ഷം. ഇൻസ്റ്റ​ഗ്രാമിൽ സജീവമായി ഇടപെടുന്നവർക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ ഡിസ്‍ലൈക്ക് ഫീച്ചറിന് സാധിക്കുമെന്നും ഇവർ പറയുന്നുണ്ട്.

ഇതേത്തുടർന്ന് ഫീച്ചറിൽ കൂടുതൽ വിശദീകരണവുമായി മെറ്റ രം​ഗത്തെത്തി. ഉപയോക്താക്കളെ സൈബർ ബുള്ളിയിങ്ങിൽ നിന്ന് രക്ഷിക്കാനാണ് ഡിസ്‍ലൈക്ക് ഓപ്ഷനെന്നും അപമര്യാദയായുള്ള കമന്റുകൾക്കെതിരെ പ്രതികരിക്കാനാണ് ഡിസ്‍‍ലൈക്ക് ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മെറ്റ വ്യക്തമാക്കി. ഡിസ്‍ലൈക്ക് കിട്ടുന്ന കമന്റുകളെ കമന്റ് സെക്ഷനിൽ താഴേക്ക് കൊണ്ടുവരാനുള്ള ഓപ്ഷനും മെറ്റ നൽകുമെന്നാണ് വിവരം. ഉടൻ തന്നെ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്.

Share This Article
Leave a comment