തൃശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം എറണാകുളം ജില്ലയിലേക്കും പൊലിസ് വ്യാപിപ്പിച്ചു. കൃത്യം നടത്തിയ ശേഷം മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നു കളയാനാണ് സാധ്യത എന്നാണ് പൊലീസിന്‍റെ നിഗമനം. അങ്കമാലിയിൽ നിന്നു കിട്ടിയ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം കൂടുതൽ കാര്യക്ഷമം ആക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യത്തിൽ കാണുന്നത്. മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തി തന്നെയാണെന്നാണ് കരുതുന്നത്. ഇയാള്‍ എറണാകുളം ഭാഗത്തേക്കാണ് കടന്നു കളഞ്ഞതെന്നാണ് സി സി ടി വി ദൃശ്യത്തിൽ നിന്നു ലഭിക്കുന്ന സൂചന.
ആലുവ, അങ്കമാലി, എറണാകുളം നഗരപരിധികളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്ന് പൊലിസ് പറയുന്നു. ഏകദേശം 10 ലക്ഷം രൂപയോളമാണ് ബാങ്കിൽ നിന്നു നഷ്ടമായത് എന്ന് മധ്യമേഖല ഡി ഐ ജി ഹരിശങ്കര്‍ കൊച്ചിയിൽ പറഞ്ഞു. എ ടി എമ്മിൽ നിന്ന് എടുത്തുവെച്ച പണമാണ് മോഷ്ടാവ് കൊണ്ടു പോയത്.
കൂടുതൽ പണം അവിടെ ഉണ്ടായിരുന്നിട്ടും അത് എടുക്കാൻ കൂട്ടാക്കിയില്ലെന്നത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മോഷ്ടാവിന് ജീവനക്കാരുടെ ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടിയിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ഡി ഐ ജി തുടർന്നു പറഞ്ഞു. മോഷ് ടാവിലേക്ക് എത്താനുള്ള എല്ലാ സാധ്യതകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനായി എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപം നൽകിയതായും ഡി ഐ ജി വ്യക്തമാക്കി.