വയനാട്ടിൽ കാട്ടുമൃഗ ശല്യം വർധിച്ച സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിൽ അടിക്കാട് വർധിക്കുമ്പോഴാണ് അതു മറയാക്കി വന്യ മൃഗങ്ങൾ അധികമായി പുറത്തേക്കിറങ്ങുന്നത്. അടിക്കാടുകൾ വെട്ടിത്തെളിക്കുന്നത് വന്യമൃഗ ശല്യം ഒഴിവാക്കാൻ ഒരു പരിധി വരെ സഹായകമാകും. ഈ പണം അത്തരം പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം.
കഴിഞ്ഞ ജനുവരി 26 ന് തന്നെ ദുരന്തനിവാരണ വകുപ്പിൽ നിന്നും പണം അനുവദിച്ചിരുന്നു. ജില്ലാ കളക്ടറുടെ പേരിൽ പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തു വന്നു. വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ അടിക്കാടു വെട്ടുന്നതിന് പണം ഉപയോഗിക്കാം എന്നും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.