തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനും നെടുമ്പാശേരി വിമാനത്താവളത്തിനും ബോംബു ഭീഷണി. സന്ദേശമയച്ചത് തെലങ്കാനയിൽ നിന്നാണെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബു ഭീഷണി സന്ദേശമെത്തിയത്.
തുടർന്നു ഇരു സ്ഥലങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും രാത്രി വൈകിയും പരിശോധന തുടർന്നു. തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അയച്ച ആളിനെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു.