കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെയുൾപ്പെടെ രണ്ട് പേരെ മലപ്പുറം വിജിലൻസ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. വിജിലൻസ് ഡിവൈഎസ്‌പി ഗംഗാധരന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാർ, കൊണ്ടോട്ടി സ്വദേശി ഷറഫലി എന്നിവരെയാണ് ചോദ്യം ചെയ്തത്.
നവീൻ കുമാറിനെയും ഷറഫലിയേയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി കരിപ്പൂർ പോലീസ് 2023 ഒക്ടോബർ മാസത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവീൻ കുമാറിന്റെ സഹായത്താൽ ആറു മാസത്തിനിടെ 60 തവണ വിമാനത്താവളം വഴി സ്വർണം കടത്തിയതായണ് റിപ്പോർട്ട്. ഒരു കിലോ ഗ്രാം സ്വർണം കടത്തുന്നതിനായി 60,000 രൂപയാണ് നവീൻ കുമാർ കമ്മീഷനായി വാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായതിനാലും, അഴിമതി നിരോധന നിയമം കൂടി വരുന്നതിനാലമാണ് കേസ് സർക്കാർ ഉത്തരവ് പ്രകാരം വിജിലൻസിന് കൈമാറിയത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലും, ഹരിയാനയിലും, പഞ്ചാബിലുമായി ഒമ്പതിടങ്ങളിൽ ഈ വർഷം ജനുവരി 18ന് വിജിലൻസ് റെയ്ഡ് നടന്നിരുന്നു.
നവീൻ കുമാറിന്റെ ഹരിയാന ഹിസാറിലുള്ള വീട്ടിലും ഷറഫലിയുടെ വീട്ടിലും കേസ്സുമായി ബന്ധപ്പെട്ട് സംശയിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഹരിയാനയിലെ കൈത്തൽ, പഞ്ചാബിലെ അമൃത്സർ എന്നിവിടങ്ങളിലുള്ള വീടുകളിലും കോഴിക്കോട്ടും, കൊച്ചി വില്ലിംഗ്ടൺ ഐലന്റിലുമുള്ള കസ്റ്റംസ് കോർട്ടേഴ്സുകളിലും, ഒന്നാം പ്രതിയുടെ ബന്ധുവിന്റെ ഹരിയാന ഹിസാറിലുള്ള വീട്ടിലും, ഏജന്റുമാരായി സംശയിക്കുന്നവരുടെ കോഴിക്കോട് താമരശ്ശേരിയിലും, മലപ്പുറം കൊണ്ടോട്ടിയിലുമുള്ള വീടുകളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്.
റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും, ഡിജിറ്റൽ തെളിവുകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. കോഴിക്കോട് വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ഡിവൈഎസ്‌പിമാർ ഉൾപ്പടെയുള്ളവരുടെ സംഘമായിരുന്നു പരിശോധന നടത്തിയത്.