ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇറ്റലിയിൽ നിന്നെത്തിയ ജമ്മുകശ്മീർ സ്വദേശികളായ രണ്ടു പേരിൽ നിന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എട്ടുകോടിയോളം രൂപയുടെ സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഇരുവരേയും ചോദ്യം ചെയ്യൽ തുടരുകയാണ്.
കശ്മീർ സ്വദേശികളായ രണ്ടു പേർ സ്വർണം കടത്തിക്കൊണ്ടുവരുന്നതായി കസ്റ്റംസിനു നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവർ വിമാനത്തിൽ നിന്നിറങ്ങിയതു മുതൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇവരുടെ പക്കലോ ലഗേജുകളിലോ പ്രത്യേകമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിശദമായ പരിശോധനയിൽ ഇരുവരും പ്രത്യേകമായി നിർമിച്ച ഒരേ പോലുള്ള ബെൽറ്റ് ധരിച്ചതായി കണ്ടെത്തുകയായിരുന്നു.
കസ്റ്റംസ് അധികൃതർ ബെൽറ്റ് അഴിച്ചു പരിശോധിച്ചപ്പോഴാണ് ബെൽറ്റിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൂടുതൽ പരിശോധന നടത്തിയിരുന്നു. സ്വർണം എവിടെ നിന്നു കിട്ടിയെന്നോ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ വ്യക്തമായിട്ടില്ല.