കഴക്കൂട്ടം സബ്ട്രഷറിയിലെ പെൻഷൻകാരുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയ കേസിൽ മുൻ ജീവനക്കാരായ ആറുപേർക്കെതിരെ വിജിലൻസ് കേസെടുത്തു. കഴക്കൂട്ടം സബ് ട്രഷറി അസി. ട്രഷറർ ആയിരുന്ന മുജീബ്, ജൂനിയർ അക്കൗണ്ടന്റുമാരായ എസ് വിജയരാജ്, എൻ ഷാജഹാൻ, സീനിയർ സൂപ്രണ്ടുമാരായ എൻ എസ് സാലി, എസ് എസ് സുജ, സീനിയർ അക്കൗണ്ടന്റ് ബി ഗിരീഷ്‌കുമാർ എന്നിവർക്കെതിരെയാണ് കേസ്.
മരിച്ചവരുടേതുൾപ്പെടെ നാലുപേരുടെ അക്കൗണ്ടിൽ നിന്നായി 15.10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്ന് 2024 ജൂൺ മുന്നിന് രണ്ടു ലക്ഷവും നാലിന് 50,000 രൂപയും വ്യാജ ചെക്കുപയോഗിച്ച് പിൻവലിച്ചു. മരണപ്പെട്ട ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽനിന്ന് 2014 ഏപ്രിൽ രണ്ടുമുതൽ പലപ്പോഴായി 6.70 ലക്ഷം രൂപയും ജമീലാ ബീഗത്തിൻ്റെ അക്കൗണ്ടിൽനിന്ന് 2024 മുതൽ ആറുതവണയായി മൂന്നുലക്ഷവും ആർ സുകുമാരൻ്റെ അക്കൗണ്ടിൽ നിന്ന് ഏപ്രിൽ അഞ്ചുമുതൽ 2.90 ലക്ഷവും പിൻവലിച്ചു.
പണം നഷ്‌ടമായ എം മോഹനകുമാരി ജില്ലാ ട്രഷറി ഓഫീസർക്ക് പരാതി നൽകിയതോടെയാണ് ട്രഷറി വകുപ്പ് അന്വേഷണം തുടങ്ങിയത്. ജില്ലാ ട്രഷറി ജോയിൻ്റ് ഡയറക്ടർ ജിനുവിൻ്റെയും പ്രജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രാഥമിക പരിശോധന. ആറുപേരും സസ്പെൻഷനിലാണ്.തട്ടിപ്പു വ്യക്തമായതോടെ ജില്ലാ ട്രഷറി ഓഫീസർ കഴക്കൂട്ടം പൊലീസിന് പരാതി നൽകി. രണ്ടു കേസ് രജിസ്റ്റർചെയ്‌ത പൊലീസ് മുഴുവൻ പ്രതികളെയും അറസ്‌റ്റുചെയ്‌തു. കൊല്ലം സ്വദേശിയായ മുജീബ് ആണ് തട്ടിപ്പിൻ്റെ സൂത്രധാരൻ